
1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേരുകയും 1959-ൽ അവർ, ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയിൽ നിന്നും ക്യൂബയുടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും[1] സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.

മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ഒരു പ്രതിരൂപമായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടുകയും ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും എല്ലാം ഒരു സ്ഥിരം കാഴ്ചയാവുകയും ചെയ്തു. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.
No comments:
Post a Comment