ചെഗുവേര മുദ്രകുത്തിയ ഷൂസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു

Thursday, September 2, 2010

കണ്ണൂര്‍: ബൊളീവിയന്‍ വിപ്ലവകാരി ചെഗുവേരെയുടെ ചിത്രം മുദ്രകുത്തി വില്‍പനക്കുവെച്ച ഷൂസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. പിന്നീട് പൊലീസെത്തി ഇവ കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ പഴയ ബസ്‌സ്റ്റാന്‍ഡിനടുത്ത 'ഫാസ്', സിറ്റി സെന്ററിനു പിന്നില്‍ പപ്പാസ് ഷോപ്പിങ് കോംപ്ലക്‌സിലെ '7 ഡേയ്‌സ് ഷൂസ് ആന്‍ഡ് ബാഗ്‌സ്' എന്നീ ചെരിപ്പുകടകളില്‍നിന്നാണ് ഷൂസും ചെരിപ്പുകളും പിടിച്ചെടുത്തത്.
ചെരിപ്പ് വാങ്ങാനെത്തിയ ഒരാള്‍ പ്രശ്‌നം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറിയിക്കുകയും പ്രവര്‍ത്തകര്‍ സംഘടിച്ച് കടകളില്‍ എത്തുകയുമായിരുന്നു.

പഴയ ബസ്‌സ്റ്റാന്‍ഡിനടുത്ത കടയിലെ ചെരിപ്പുകള്‍ മുംബൈയില്‍നിന്നും '7 ഡേയ്‌സ്' ഷൂസുകള്‍ ദല്‍ഹിയില്‍നിന്നുമാണ് കൊണ്ടുവന്നത്. വിവരമറിഞ്ഞെത്തിയ ടൗണ്‍ എസ്.ഐ പി.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് ഇരുകടകളിലെയും വിവാദ പാദരക്ഷകള്‍ കസ്റ്റഡിയിലെടുത്തു. ബന്ധപ്പെട്ട ബില്ലുകളും പൊലീസ് പിടിച്ചെടുത്തു.
ഷൂസില്‍ ചെഗുവേരെയുടെ ചിത്രത്തിനു പുറമെ ബ്രസീല്‍, സ്‌പെയിന്‍ പതാകകളും പ്രിന്റ് ചെയ്തിട്ടുണ്ട്.

ശ്രദ്ധയില്ലായ്മകൊണ്ട് സംഭവിച്ചതാണെന്നും പ്രതിഷേധം കമ്പനികളെ അറിയിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എന്‍. അജിത്കുമാര്‍, വൈസ് പ്രസിഡന്റ് കെ. ബിജു, ജില്ലാ സെക്രട്ടേറിയറ്റംഗം എ.എന്‍. സലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിപ്ലവകാരികളുടെ പൊതുസ്വീകാര്യതയെ വില്‍പനക്കു വേണ്ടി ദുരുപയോഗിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ സെ്രകട്ടറി എസ്.പിക്ക് പരാതി നല്‍കി.