Showing posts with label history of cheguvera. Show all posts
Showing posts with label history of cheguvera. Show all posts

തീപ്പന്തം പോലെ ചെഗുവേര

Friday, August 27, 2010

ബോളിവിയയിലെ നങ്കാ ഹു വാസുവിന് അടുത്ത് ഹിഗുവേര ഗ്രാമത്തില്‍ വെച്ച് അമേരിക്കന്‍ കൂലി പ്പട്ടാളം 1967 ഒക്ടോബര്‍ 9ന് പകല്‍ 1.10 നാണ് ലോക വിമോചന പോരാട്ടങ്ങളുടെ വീര നായകന്‍ ചെഗുവേരയെ നിര്‍ദ്ദാക്ഷിണ്യം വെടി വെച്ചു കൊന്നത്. 41 വര്‍ഷം പിന്നിട്ടിട്ടും ലോക ജനതയുടെ മനസ്സില്‍ ആളി ക്കത്തുന്ന തീ പന്തം പോലെ ചെഗുവെരയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.

നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണ കൂടത്തെ ഗറില്ല പോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യ പ്പെടുത്തിയ, ആശയങ്ങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വ വിപ്ലവകാരിയായ ചെഗുവെരയെ ക്കുറിച്ച് പ്രകാശ ഭരിതമായ ഓര്‍മ്മകള്‍ ഇന്നും ലോക ജനത വികാര വായ്പോടെ മനസ്സില്‍ സൂക്ഷിക്കുന്നു.

മണ്ണിനും മനുഷ്യ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മഹാ യുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവേര അടക്കമുള്ള ധീര ദേശാഭിമാനികളുടെ വീര സ്മരണ സാമ്രാജ്യത്വ – അധിനിവേശ ശക്തികള്‍ ക്കെതിരെ പോരാടുന്ന ലോകത്ത് എമ്പാടുമുള്ള വിപ്ലവ കാരികള്‍ക്ക് ആശയും ആവേശവും നല്‍കുന്നതാണ്.

വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനു ഭൂതിയുടെയും സാന്ത്വനത്തിന്റെയും ഒരു കര സ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണം എന്ന ആദര്‍ശ പ്രചോദിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളി മൂലം വൈദ്യ ശാസ്ത്ര ബിരുദം നേടിയിട്ടും, ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍ കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും, ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും, സിറിഞ്ചും സ്റ്റെതസ്ക്കോപ്പുമല്ല, തോക്കും പടക്കോപ്പുമാണ് അതിന്റെ ഉപകരണങ്ങള്‍ എന്നും ചെഗുവേര അനുഭവത്തിലൂടെ കണ്ടെത്തി.

“ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താന്‍ ആയുധം ഏന്തുന്നതെന്ന്, പകയും വിദ്വേഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ് താന്‍ ആയുധം ഏന്തുന്നതെന്ന്” ചെ ഉറച്ച് വിശ്വാസിച്ചു.

1967 ഒക്‌ടൊബര്‍ 9ന് സി. ഐ. എ. യുടെയും അമേരിക്കന്‍ കൂലി പ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലവത്തിന്റെ അനശ്വരതയെ ക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ.

ഇപ്പോഴും തുടരുന്ന ലോക വിമോചന പോരാട്ടങ്ങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മ പഥത്തിലേക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജ സ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാല്‍ ഉറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരി മാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന, സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വ ദാസന്മാര്‍ക്കും, അധിവേശ ശക്തികള്‍ക്കും എതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതയ്ക്ക് എന്നും എന്നും ആവേശം പകരുന്നതാണ്.

ക്യൂബന്‍ നേതാവായ ഫിഡല്‍ കാസ്ട്രോയുടെ സുഹൃത്ത് ചെഗുവേര 1960-ല്‍ ഗറില്ലായുദ്ധം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഒരു വിപ്ളവം പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും, വിപ്ളവംതന്നെ ആ സാഹചര്യം സൃഷ്ടിക്കുമെന്നും ചെഗുവേര പ്രസ്താവിച്ചു. ഗറില്ലാസൈന്യം ചുരുക്കത്തില്‍ പാര്‍ട്ടിതന്നെയാണ് എന്നാണ് ഫ്രഞ്ചുകാരനായ റെജിഡിബ്രെയുടെ അഭിപ്രായം. അക്രമമാര്‍ഗങ്ങളാണ് സാമൂഹികപരിവര്‍ത്തനത്തിന് ഉപയോഗിക്കേണ്ടത് എന്ന സിദ്ധാന്തമാണ് ചെഗുവേരയും കൂട്ടരും അവതരിപ്പിക്കുന്നത്. 1971-ല്‍ ശ്രീലങ്കയിലുണ്ടായ കലാപങ്ങള്‍ ഈ ആശയങ്ങളുടെ പ്രയോഗത്തെ കുറിക്കുന്നു. 'മാര്‍ക്സിസം-ലെനിനിസ'ത്തില്‍ നിന്നും 'മാവോയിസ'ത്തില്‍നിന്നും ഭിന്നമായ ഒരു മാര്‍ഗമാണ് വിപ്ളവകരമായ അട്ടിമറി പ്രവര്‍ത്തനത്തിന്റേത്.

ചെഗുവേര-ഒരു തിരിഞ്ഞു നോട്ടം.

Thursday, August 26, 2010

heguveer എന്നും ചെ എന്നു മാത്രവും പൊതുവെ അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന (1928 ജൂൺ 14 - 1967 ഒക്ടോബർ 9) അർജന്റീനയിൽ ജനിച്ച ഒരു മാർക്സിസ്റ്റ് വിപ്ലവ നേതാവും ക്യൂബൻ, അന്തർദ്ദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു. ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളിലുണ്ടായ അനുഭവങ്ങളും അതിൽ നിന്നുൾകൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിക്കുകയും, മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ‍ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും കാരണമായി.

1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേരുകയും 1959-ൽ അവർ, ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയിൽ‍ നിന്നും ക്യൂബയുടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും[1] സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.
(ഒക്ടോബർ 9,1967 നു ബൊളീവിയയിൽ ചെ ഗുവേര കൊല്ലപ്പെട്ട ഇടത്തെ പ്രതിമ.)

മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ഒരു പ്രതിരൂപമായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടുകയും ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും എല്ലാം ഒരു സ്ഥിരം കാഴ്ചയാവുകയും ചെയ്തു. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.